Kerala
പൂഞ്ഞാര്‍: അമ്മയും മകനും മരിക്കാനിടയായ പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്പ്ലാവിലെ ഉരുള്‍പൊട്ടലില്‍ വീടിനോടു ചേര്‍ന്ന് പിൻഭാഗത്തുള്ള വലിയ കുന്നാണ് ഇടിഞ്ഞിറങ്ങിയത്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ കുന്നിന്റെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. കുതിച്ചെത്തിയ ഉരുളില്‍ വീട് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ പറ്റിയില്ല. രാത്രിതന്നെ രക്ഷാസംഘങ്ങളും മണ്ണുമാന്തിയന്ത്രവും എത്തിച്ചു.
രാവിലെ ഏഴിനാണ് മണപ്പാട്ട് ജോസഫിന് ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മീറ്റർ താഴെ, ചെളിക്കടിയില്നിന്ന് അമ്മ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു.
പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് റെജീന. ജോസഫിന് ഭരണങ്ങാനം ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിലെ താത്കാലിക ജീവനക്കാരനാണ്.
റെജീനയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ജോണി ജോസ് വീട്ടിലുണ്ടായിരുന്നില്ല. മൂത്ത മകള്‍ ജോമിറ്റ് വിവാഹിതയായി എറണാകുളത്താണ്. പഠനകാര്യങ്ങള്‍ക്കായി ഇളയമകള്‍ സോമിറ്റ് സഹോദരിക്കൊപ്പമാണ് താമസം.
District News
മൂന്നിലവ്: കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജിന്റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു.
സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ചെറിയതോതിൽ മണ്ണിടിഞ്ഞതോടെ മൂവരും ഇവിടെ നിന്നു മാറാൻ തീരുമാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ വൻതോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കിണർ പൂർണമായും മണ്ണ് മൂടിയ നിലയിലാണ്. കുഴമ്പ് പരുവത്തിലുള്ള മണ്ണിനടിയിലാണ് ജീപ്പ്.
വീടിന് പിന്നിൽ ഒരാൾ പൊക്കത്തിൽ മണ്ണുണ്ട്. വീടിന് തകരാറുകൾ ഇല്ല. വീടിന് പിന്നിൽ ഘടിപ്പിച്ചിരുന്ന ഷീറ്റുകൾ മണ്ണ് വീണ് തകർന്നു. സംഭവത്തെ തുടർന്ന് മൂവരും തൊടുപുഴയിലുള്ള ജോസഫിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറി. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയിൽ കനത്ത നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു.
ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെക്കൂടി കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്.
ഇടുക്കി തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിൽ സുമതിയുടെ വീട് പൂർണ്ണമായും ഒലിച്ചുപോവുകയും മണ്ണിനടിയിൽപ്പെടുകയും ചെയ്തു.
അപകടസമയത്ത് ഭർത്താവ് രവിയും മകൻ രതീഷും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
ഇടുക്കി വാഗമണ്ണിലുണ്ടായ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വീടിനു മുകളിലേക്ക്മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. പ്രഭാകരൻ നായരുടെ മൃതദേഹം ഇതുവരെ പൂർണമായും പുറത്തെടുക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കോട്ടയം ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. ജില്ലയുടെ വിവിധ മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ, മൂന്നിലവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.
പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ മണപ്പാട്ട് ജോണിയുടെ വീടിനു മുകളിലേക്ക് മലവെള്ളത്തോടൊപ്പം മണ്ണും കല്ലും വന്നിടിച്ചാണ് ദുരന്തമുണ്ടായത്. സംഭവസമയത്ത് വീട്ടിൽ ജോണിയുടെ മകൻ ജോസഫിൻ ഭാര്യ റെജീനയുമാണ് ഉണ്ടായിരുന്നത്. ഇതിൽ ജോസഫിനിന്റെ മൃതദേഹം കണ്ടെത്തി. റെജീനയ്ക്കായി തിരച്ചിൽ തുടരുകയാണ്.
ഉപ്പുതറ മത്തായിപ്പാറയിൽ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഉദ്യോഗസ്ഥർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. വണ്ടിപ്പെരിയാറ്റിൽ തോട് കരകവിഞ്ഞു. എൻഎച്ച് 183 ഉൾപ്പെടെ പ്രധാന പാതകളിൽ വെള്ളം കയറി.
തൊടുപുഴ നഗരത്തിലും മുട്ടം, അങ്കണവാടി, ചള്ളാവയൽ, മാക്കിൽ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറി ആളുകൾ ഒറ്റപ്പെട്ടു. അടിമാലി ദേവിയാർ കോളനി, ചാറ്റുപാറ, മച്ചിപ്ലാവ് പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിൽ വെള്ളപ്പാച്ചിലും റോഡിലേക്ക് പാറക്കല്ലുകൾ പതിക്കുകയും ചെയ്തു.
മൂലമറ്റം - വാഗമൺ റോഡ്, വാഗമൺ - ഈരാറ്റുപേട്ട, വാഗമൺ - ഉപ്പുതറ പാതകളിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.മൂലമറ്റം - ആശ്രമം - ഉളൂപ്പൂണി റോഡിലും, മച്ചിപ്ലാവ് മഴുമറ്റം പടിയിലും മണ്ണിടിച്ചിലും മരം വീണും റോഡ് ബ്ലോക്കായി. വണ്ടിപ്പെരിയാർ വള്ളക്കടവ് ഭാഗത്ത് പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്.
ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായതിനെ തുടർന്ന് മലങ്കര ഡാമിന്റെ നാല് ഷട്ടറുകൾ 2.50 മീറ്റർ വരെ ഘട്ടംഘട്ടമായി ഉയർത്തും.തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കടന്നു.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുവരികയാണ്..
National
ഗാംഗ്ടോക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹൻ ഉൾപ്പടെയുള്ളവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കി. അപകടത്തിൽ എട്ടുപേർ മരിച്ചതായി സ്ഥിരീകരിച്ചു. എൻഎച്ച്പിസി സീനിയർ മാനേജരായ അനീഷ് മോഹൻ അറിയപ്പെടുന്ന സയൻസ് വ്ലോഗറും ശാസ്ത്രലേഖകനുമാണ്.
നാംചി ജില്ലയിലെ സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും തടസപ്പെടുത്തി വൻ മണ്ണിടിച്ചിലുണ്ടായത്. ഈ സമയം നിരവധി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ജോലിയേർപ്പെട്ടിരിക്കുകയായിരുന്നു. കവാടം പൂർണമായി മൂടിയതും അതിനുപിന്നാലെ മീഥെയ്ൻ വാതക ചോർച്ചയും ദൗത്യസംഘത്തിന് വലിയ ഭീഷണിയാകുന്നുണ്ട്.
എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിക്കിം പോലീസ്, അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ സംയുക്ത രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തിൽ മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാംഗ്ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തസമയത്ത് തുരങ്കത്തിനുള്ളിൽ എത്ര തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തുരങ്കത്തിനുള്ളിലെ മങ്ങിയ കാഴ്ചപരിധിയും ഇടുങ്ങിയ സാഹചര്യവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും ഉള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
Kerala
കൊച്ചി: കള്ളാടി ദുരന്തത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മരണനിരക്ക് കുറച്ചത് സര്‍ക്കാറിന്റെ സംയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില്‍ നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ്‍ നാലിനും നിര്‍ദേശം നല്കി. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുത് എന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ്‍ അഞ്ചിന് തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില്‍ രണ്ടു സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.
തുരങ്ക നിര്‍മാണ പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ്.
Kerala
കൽപറ്റ: കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. എ.പി.അനിൽകുമാറും ടി.സിദ്ദിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരന്തമേഖല സന്ദർശിച്ച ശേഷം ദുരിതാശ്വാസ കാമ്പിലും മുഖ്യമന്ത്രിയെത്തി.
വൈകിട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെയും ആശുപത്രിയിലെത്തിയിൽ സന്ദർശിച്ചു. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിലാണ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി ബുധനാഴ്ച ദുരന്ത സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു.
മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിലവിൽ ഒമ്പതു പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡിഐജി കെ. കാർത്തിക്കിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം നേതാക്കൾ ആശുപത്രിയിലെ വാർഡുകളിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കാണാതായവർക്കായുള്ള തെരച്ചിലിനായി കൂടുതൽ സന്നാഹങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
Kerala
കല്‍പ്പറ്റ: കൃഷിമന്ത്രിയായി ചുമതലയേറ്റ ടി. സിദ്ദിഖുമായി വീഡിയോ കോളിലൂടെ സ്നേഹവും സന്തോഷവും പങ്കുവച്ച് പുഞ്ചിരിമട്ടം ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍. താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവര്‍ ഉയരങ്ങളിലെത്തുന്നത് തങ്ങളുടെകൂടി വിജയമാണെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ മന്ത്രിയോട് പറഞ്ഞു.
ടൗണ്‍ഷിപ് ആദ്യഘട്ടം ഉദ്ഘാടനവേളയിലെ കൂവല്‍ ഞങ്ങളുടെ കണ്ണുനിറച്ചു. എന്നാല്‍ ഇപ്പോള്‍ മന്ത്രിക്കസേരയില്‍ കാണുമ്പോള്‍ മനസ് നിറയുകയാണെന്ന് മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും വിദേശത്തും പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് മന്ത്രിയെ അഭിനന്ദിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഒത്തുചേര്‍ന്നത്. ഉരുള്‍ ദുരന്ത മേഖലയിലെ വിദ്യാര്‍ഥികളില്‍ 152 പേര്‍ക്ക് "എംഎല്‍എ കെയര്‍' പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് ടി. സിദ്ദിഖ് സൗകര്യം ഒരുക്കിയിരുന്നു.
പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചായിരുന്നു ഇത്. വയനാട്ടില്‍ 351 കുട്ടികളാണ് "എംഎല്‍എ കെയര്‍' പ്രത്യേക പദ്ധതിയിലൂടെ നിലവില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്.
Kerala
പുനലൂർ: ശക്തമായ വേനൽമഴയിൽ കൂറ്റൻ സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷനിലേക്ക് തകർന്ന് വീണ് ടിപ്പർ ലോറിയുണ്ടായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. പെയിന്റിംഗ് തൊഴിലാളി പിറവന്തൂർ വന്മള പള്ളി അയ്യത്തു വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്.
നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിനോട് ചേർന്ന് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സർവീസ് സ്റ്റേഷനോട് ചേർന്നുള്ള കൂറ്റൻ കോൺക്രീറ്റ് സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്കു പതിക്കുകയായിരുന്നു. 25 അടിയോളം ഉയരത്തിലുള്ള കോൺക്രീറ്റ് ഭീത്തി 50 അടിയോളം നീളത്തിൽ പൂർണമായി തകർന്നു വീണു.
സമീപമുണ്ടായിരുന്ന മറ്റൊരു ഓടിട്ട പഴയ കെട്ടിടവും ഭാഗികമായി തകർന്നു. സർവീസ് സെന്ററിലുണ്ടായിരുന്ന സ്കൂൾ വാഹനവും ടിപ്പറും ഇരുചക്രവാഹനങ്ങളും പൂർണമായി തകർന്നു.
സ്കൂൾ വാനിൽ പെയിന്റ് ചെയ്തുകൊണ്ടു നിന്ന സിജു തോമസ് ശക്തമായ ഇടിമുന്നലിനേയും മഴയെയും തുടർന്ന് ഇവിടുണ്ടായിരുന്ന ടിപ്പർ ലോറിയുടെ കാബിനിലേക്ക് കയറിയതായിരുന്നു. കലയനാട് സ്വദേശിയായ ഡ്രൈവർ ഷിബു ടിപ്പറിന് പിന്നിലേക്ക് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
പുനലൂർ ഫയർഫോഴ്സും പോലീസും സംഭവം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലു മണിക്കൂറോളം കഠിന പരിശ്രമം ചെയ്താണ് യുവാവിനെ പുറത്തെടുത്തത്. ശക്തമായ മഴയും പ്രദേശത്തെ വെള്ളക്കെട്ടും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സിജുവിന്റെ മൃതദേഹം പുനലൂർ താൂലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റീനയാണ് സിജു വിന്റെ ഭാര്യ.
Kerala
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ടി.സിദ്ദിഖ് എംഎൽഎയെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്. ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നൽകാമെന്ന് പറഞ്ഞ് ടി.സിദ്ദിഖ് പറ്റിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
120 ദിവസംകൊണ്ട് വീട് നൽകാമെന്ന് പറഞ്ഞിട്ട് ഇതുവരെ ശ്രുതിക്ക് വീട് നൽകിയില്ല. വീട് നൽകാമെന്ന വാഗ്ദാനംകേട്ട് ശ്രുതി സർക്കാർ ടൗൺഷിപ്പിലെ വീട് വേണ്ടെന്നുവെച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇപ്പോൾ 15 ലക്ഷം തിരികെതരാം വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും റഫീഖ് പറഞ്ഞു.
അതേസമയം കെ.റഫീഖിന് മറുപടിയുമായി സിദ്ദിഖ് രംഗത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറി നുണ പറയുകയാണ്. ശ്രുതിക്ക് വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞത് ഒരു വ്ളോഗറാണ്. താൻ തറക്കല്ലിടൽ ചടങ്ങിന് അതിഥിയായാണ് പങ്കെടുത്തതെന്നും ടി.സിദ്ദിഖ് പറഞ്ഞു.
National
ഗാംഗ്ടോക്: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസപ്പെട്ടതോടെ സിക്കിമിലെ ചുഗ്താഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ചൊവ്വാഴ്ച രാത്രിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ലാച്ചനിലേക്ക് പോകുന്ന 200-ഓളം വിനോദസഞ്ചാരികൾ വഴിമധ്യേ കുടുങ്ങിയെന്നും മാംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
കുടുങ്ങിപ്പോയ സഞ്ചാരികൾക്ക് ചുഗ്താഗാവിലെ ക്യാന്പിൽ താമസമൊരുക്കി. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കൂ എന്ന് അധികൃതർ അറിയിച്ചു. എന്നാൽ ലാച്ചുഗിലേക്കുള്ള പാതയിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെയുണ്ടയിരുന്ന സഞ്ചാരികളെ സുരക്ഷിതരായി ഗാംഗ്ടോകിലേയ്ക്ക് മടക്കി അയച്ചു.
2023 ലുണ്ടായ പ്രളയത്തിന് ശേഷം മാർച്ച് ഒമ്പതിനായിരുന്നു ലാച്ചൻ പാത വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സോംഗോ തടാകം, നാഥുല തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
International
ആഡിസ് അബാബ: കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എത്യോപ്യയിൽ 50 മരണം. ഏകദേശം 125 പേരെ കാണാതായി.
എത്യോപ്യയിലെ ഗാമോ സോണിൽ ഒരാഴ്ചയായി തുടരുന്ന കനത്തമഴയിലാണു ദുരന്തം.
ഗാമോ മേഖലയിലെ ഗച്ചോ ബാബ, കമ്പ, ബോങ്കെ എന്നീ ജില്ലകളിലാണ് മണ്ണിടിച്ചിലുണ്ടായത്.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഒരാളെ ജീവനോടെ മണ്ണിനടിയിൽനിന്നു പുറത്തെടുക്കാനായെന്നും ഡിസാസ്റ്റർ റെസ്പോൺസ് ഡയറക്ടർ മെസ്ഫിൻ മനുഖ പറഞ്ഞു.
Kerala
കൽപ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ഫണ്ട് പിരിവിനെ ചൊല്ലി ഡിവൈഎഫ്ഐ - യൂത്ത് കോണ്‍ഗ്രസ് പോര് മുറുകുന്നു. ഡിവൈഎഫ്ഐ പതിനഞ്ച് കോടി രൂപ നല്‍കിയത് രണ്ട് മാസം മുൻപ് മാത്രമാണെന്നും പിരിച്ചതില്‍ 44 ലക്ഷം രൂപ കൈയിൽ വച്ചിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഇതിനു മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പണം നല്‍കിയതിന്റെ രസീതുകള്‍ അടക്കം ഡിവൈഎഫ്ഐ പുറത്തുവിട്ടു. കോണ്‍ഗ്രസ് പിരിച്ചതിന്റെ കണക്ക് പുറത്ത് വിടാൻ അവർ വെല്ലുവിളിച്ചു. ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഫണ്ട് മുക്കിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
എന്നാൽ ഫണ്ട് പിരിവില്‍ ഡിവൈഎഫ്ക്കെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. 2025 മാർച്ചില്‍ മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫിലേക്കായി ഇരുപത് കോടി നല്കിയ സംഘടന യഥാർത്ഥത്തില്‍ പണം നല്‍കിയില്ലെന്നാണ് ആരോപണങ്ങളില്‍ ഒന്ന്.
സിഎംഡിആർഫിലേക്ക് പണം നല്‍കാനുള്ള തീരുമാനം പിന്നീട് മാറ്റിയെന്നും വീടുകളുടെ സ്പോണ്‍സർഷിപ്പായാണ് ഈ പണം നല്‍കിയതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. പണം നല്കിയ രസീതുകളും ഡിവൈഎഫ്ഐ പുറത്ത് വിട്ടു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 23 മറീൻ സൈനികരും മരിച്ചതായി അധികൃതർ അറിയിച്ചു.
പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ പാസിർ ലാംഗു ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ ആയിരുന്നു ദുരന്തം. ദിവസങ്ങളായി പെയ്യുന്ന മഴയ്ക്കിടെയാണ് മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഒട്ടേറെ വീടുകൾ മണ്ണിനടിയിലായി.
ദുരന്തമേഖലയിൽനിന്ന് ഇതുവരെ 38 മൃതദേഹങ്ങൾ കണ്ടെടുത്തു. നാൽപ്പതിനടുത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പരിശീലനാഭ്യാസത്തിനെത്തിയ സൈനികരും ദുരന്തത്തിൽ അകപ്പെട്ടുവെന്നാണ് അറിയിപ്പ്.
District News
ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് അപകടസാധ്യതയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ 29 വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പ്രകാരമുള്ള തുക നൽകി പുനരധിവസിപ്പിക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, എ. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അപകടസാധ്യതാമേഖലയിലുള്ള വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടെന്ന് ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. ഈ തുക ലഭ്യമാക്കി അവർക്ക് വീടും സ്ഥലവും നൽകി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തുക ലഭ്യമാക്കേണ്ടത് ദേശീയപാത അഥോറിറ്റിയാണ്. കുറഞ്ഞുപോയാൽ ബാക്കി തുകയും അഥോറിറ്റി നൽകണം.
ഇവരെ പുനരധിവസിപ്പിക്കുന്നതുവരെ വാടക വീട് ലഭ്യമാക്കും. വാടകയും എൻഎച്ച്എഐ വഹിക്കും. കൂടാതെ അപകടത്തിൽ മരിച്ച ബിജുവിന്റെ മകൾക്ക് സാന്പത്തിക സഹായവും അഥോറിറ്റി നൽകും. ക്യാന്പിൽ കഴിയുന്നവർക്ക് സഹായധനം നൽകാനും തീരുമാനമായി. ഇൻഷ്വറൻസ് ലഭിക്കുന്ന തുക ഭൂമി വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്.
ഇതിനായി പഞ്ചായത്ത്, വില്ലേജ്, ഗുണഭോക്താവ്, എൻഎച്ച്എഐ എന്നിവർ ചേർന്ന് സംയുക്ത കരാറിലേർപ്പെടും.
ദുരിതബാധിതരായി കണ്ടെത്തിയ 29 കുടുംബങ്ങൾക്ക് വീടും സ്ഥലവും കണ്ടെത്തുന്നതിന് പഞ്ചായത്ത് മേൽനോട്ടം വഹിക്കും. നിലവിൽ ക്യാന്പിലുളള 25 കുടുംബങ്ങളുടെ വീടുകൾക്ക് അപകടഭീഷണിയില്ലെന്ന് വിദഗ്ധസമിതി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവർക്ക് ക്യാന്പിൽനിന്ന് മടങ്ങാം. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിന് ദേശീയപാത അഥോറിറ്റി നടപടി സ്വീകരിക്കും.
എൻഎച്ച്, പിഡബ്ല്യുഡി, എൽഎസ്ജിഡി, ദുരന്തനിവാരണസേന, ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ എന്നിവരുടെ സംഘമാണ് വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ശാസ്ത്രീയമായ ആസൂത്രണമില്ലാതെയുള്ള നിർമാണ പ്രവർത്തനമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
Kerala
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി ചേർക്കണോ എന്നതിൽ തീരുമാനമെടുക്കും.
അതേസമയം, മണ്ണിടിച്ചിലിന് കാരണം കണ്ടെത്താനുള്ള പരിശോധനകൾ ഇന്ന് തുടങ്ങും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് തയാറാക്കും. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുക.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ഇക്കാര്യത്തിലെ വസ്തുതകൾ അന്വേഷിക്കലാണ് പ്രത്യേക സംഘത്തിന്റെ പ്രധാന ദൗത്യം. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസം കൊണ്ട് സമഗ്ര റിപ്പോർട്ടും സമർപ്പിക്കാനാണ് കളക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്പള്ളിക്കുടിയിൽ ബിജു മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവിൽ ഇവർ ഐസിയുവിൽ തുടരുകയാണ്.
Kerala
ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു. കോൺക്രീറ്റ് പാളികൾക്കിടയിൽനിന്ന് അഞ്ച് മണിക്കുറിനുശേഷമാണ് സന്ധ്യയെ പുറത്തെത്തിച്ചത്.
സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ സന്ധ്യയുടെ കാലിന് പൊട്ടലുണ്ടെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ബിജു അബോധാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ബിജുവിനെ ഉടൻ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
രാത്രി പത്തരയോടെയാണ് വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്.
Kerala
ഇടുക്കി: മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണതിനെ തുടർന്ന് ഇടുക്കി അടിമാലിയിൽ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു. അടിമാലി കൂമ്പൻപാറ ലക്ഷംവീട് കോളനിക്ക് സമീപമുണ്ടായ അപകടത്തിൽ ബിജു, ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്.
ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അപകട ഭീഷണിയെത്തുടർന്ന് ഉന്നതിക്ക് സമീപത്തായി 22 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു.
ചില രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്. സന്ധ്യയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും വീടിന്റെ കോണ്‍ക്രീറ്റ് മാറ്റി ഇരുവരേയും രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Kerala
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്നും ഹൈക്കോടതി ആഞ്ഞടിച്ചു.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിനെതിരെയാണ് വിമർശനം.
വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയോട് ‘ഫന്റാസ്റ്റിക്’ എന്നാണ് പരിഹാസ രൂപേണ ഹൈക്കോടതി പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു.
വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകി. സഹായിക്കാൻ തയാറല്ലെങ്കിൽ അത് ജനങ്ങളോട് പറയൂ. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു.
കേന്ദ്ര സർക്കാർ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതെന്നു പറഞ്ഞ കോടതി കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ നിർദേശിച്ചു. ഇത് ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഇതാണ് മനോഭാവമെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഇതിനുശേഷം ബാങ്കുകളുടെ വായ്പ ഈടാക്കൽ നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു, ദുരിതബാധിതർക്കെതിരായ വായ്പ വീണ്ടെടുപ്പ് നടപടികൾക്ക് വിലക്കേർപ്പെടുത്തി. ബാങ്കുകളെ കേസിൽ കക്ഷികളായി ചേർക്കാനും വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
District News
2024-ലെ വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയെ ചൊല്ലി വിവാദം കത്തുന്നു. 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിച്ചെടുത്തെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ലെന്നും, ഫണ്ടിൽ തിരിമറി നടന്നുവെന്നും ആരോപിച്ച് പോലീസിൽ പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. പിരിച്ചെടുത്ത ഫണ്ട് കെപിസിസിക്ക് കൈമാറിയെന്നും, സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡിവൈഎഫ്ഐയും എഐവൈഎഫും ദുരിതാശ്വാസ ഫണ്ട് കൃത്യമായി സർക്കാരിന് കൈമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ സംശയങ്ങളുയരുന്നുണ്ട്.
ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനായി സുമനസ്സുകൾ നൽകിയ പണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ ഖേദകരമാണെന്നും, ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.